Thursday, June 12, 2008

കാശുകിട്ടുമെങ്കില്‍

കാശുകിട്ടുമെന്നുണ്ടെങ്കില്‍ മനുഷ്യന്‍ എന്തും ചെയ്യും, ദാ ഈ വീഡിയോയൊന്നു കണ്ടുനോക്ക്.
http://www.youtube.com/watch?v=FzZWqYWhdQw


പക്ഷേ ഈ കേസില്‍ കക്ഷത്തിലിരുന്നതു പോകുകയും ചെയ്തു, ഉത്തരത്തിലിരുന്നതു കിട്ടിയുമില്ലെന്നു പറഞ്ഞപോലായെന്നു മാത്രം...

Tuesday, June 5, 2007

സാന്പാര് വയ്ക്കാന് (ഭാര്യ വീട്ടില് ഇല്ലാത്തപ്പോള്)

ഫെമിനിസ്റ്റുകള് ഇത് വായിക്കരുത്.

സാന്പാര് വയ്ക്കാന് അഥവാ സാന്പാര് ഇങ്ങനെയും വയ്ക്കാം

കൂട്ട് ഒന്ന്:

സാന്പാര് പരിപ്പ് - 1 കപ്പ്
വെള്ളം - 21/2 യോ 3ഓ കപ്പ്

കൂട്ട് രണ്ട്:
ഉരുളകിഴങ്ങ് - 2 എണ്ണം
വെണ്ടക്ക - 4 എണ്ണം
കോവയ്ക്ക - 5 എണ്ണം
കാരറ്റ് - രണ്ടോ മൂന്നോ എണ്ണം (വലിപ്പത്തിനനുസരിച്ച്)
ബീന്‌സോ പച്ചപ്പയറോ - അഞ്ചോ ആറോ എണ്ണം

കൂട്ട് മൂന്ന്:
സാന്പാര് പൗഡര്
ഉപ്പ്
വെള്ളം - മൂന്നും ആവശ്യത്തിന്

കൂട്ട് നാല്:
കടുക് - കുറേ
കറിവേപ്പില - 2 തണ്ട്
ചെമന്നുള്ളിയോ സവാളയോ ചെറുതായരിഞ്ഞത് - 1/2 കപ്പ്
എണ്ണ - ഒരല്‌പം

കൂട്ട് അഞ്ച്:
ടെലിഫോണ് (താങ്കള് കേരളത്തിനു പുറത്താണെങ്കില് STD/ISD സൗകര്യത്തോടു കൂടിയത്)
അമ്മ, ഫോണിന്റെ അങ്ങേ തലയ്ക്കല്

സാന്പാര് വയ്ക്കുന്ന വിധം

ഒന്നാമത്തെ കൂട്ട് സാധനങ്ങള് കുക്കറില് ഇട്ട് മൂടി വയ്ക്കാതെ പരിപ്പ് പാകത്തിനു വേകുന്നത് (ഫോണെടുത്ത് അമ്മയോട് പരിപ്പ് വെന്തോയെന്ന് എങ്ങിനെയാണറിയുന്നത് എന്ന് ചോദിക്കുക) വരെ തിളപ്പിക്കുക. അതിനു ശേഷം രണ്ടാം കൂട്ട് സാധനങ്ങള് (സാന്പാര് കഷണങ്ങളായി അരിഞ്ഞത്) ഇതിലേയ്ക്കിട്ട്, കൂട്ട് മൂന്നിലെ ഉപ്പും വെള്ളവും ചേര്‌ത്ത് വേകാന് വയ്ക്കുക. രണ്ട് വിസില് കേട്ട ശേഷം കുക്കറിനുള്ളിലെ ആവി തനിയെ പോകാനായി വയ്ക്കുക. ഇതിനു ശേഷം മൂടി തുറന്ന് ചിക്കന് മസാല ഇട്ട് ചെറുതീയില് കുറേ നേരം തിളയ്ക്കാന് വയ്ക്കുക. അമ്മയെ വിളിച്ച് സാന്പാര്‌പൊടിക്ക് പകരമിട്ട ചിക്കന്‌മസാലയ്ക്കട്ടെങ്ങനെ control z അടിക്കാം എന്നു ചോദിക്കുക, എന്നിട്ട് അടുത്ത അരമണിക്കൂര് നേരം അമ്മയുടെ നിര്‌ത്താതെയുള്ള ചിരി ഫോണില്‌കൂടി കേള്‌ക്കുക.

മറ്റൊരു പാത്രത്തില് (ചീനച്ചട്ടിയാണ് നല്ലത്) കൂട്ട് നാലിലെ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും ഉള്ളിയും ഇട്ടതിനുശേഷം ഉള്ളി ബ്രൗണ് നിറമാകുന്നത് വരെ വഴറ്റുക. അതിനു ശേഷം ഇതു കൂടി കുക്കറില് ഇട്ട് സാന്പാര് നന്നായി ഇളക്കി ചൂടോടെ ഉപയോഗിക്കുക.

കഴിപ്പ് കഴിഞ്ഞ ഉടനെ ഫോണെടുത്ത് നാട്ടില് പോയിരിക്കുന്ന ഭാര്യയോട് ഇപ്പോള് കഴിച്ച സാന്പാറിന്റെ സ്വാദിനെക്കുറിച്ച് വാചകത്തിലും (നീ പോടി പുല്ലേ, നീയില്ലെങ്കിലും ഞാന് പുട്ടു പോലെ ജീവിക്കും എന്ന് ആശയത്തിലും) ഘോരഘോരം സംസാരിക്കുക. നിങ്ങള് നളന്റെ പുനര്‌ജന്മമാണെന്നും നിങ്ങളെ കിട്ടിയത് (അതോ കെട്ടിയതോ) എന്റെ ഭാഗ്യമാണെന്നും മറ്റുമുള്ള ഭാര്യയുടെ സ്തുതിവചനങ്ങള് കേട്ട് ആനന്ദനിര്‌വൃതിയടയുക. ഇതിനകം തന്നെ അമ്മായിയമ്മ മരുമകളെ ചിക്കന്‌മസാല വിശേഷം അറിയിച്ചത് നമ്മളറിയുന്നില്ലല്ലോ. അധികം കഴിയുന്നതിനു മുന്പേ നിങ്ങളുടെ ഭാര്യ നിങ്ങളുണ്ടാക്കിയ [red]ചിക്കന്പാറ്[/red] കഴിക്കാന് ആഗ്രഹം പ്രകടിപ്പിക്കും. അപ്പോള്‌പ്പിന്നെ കെട്ടിഞാലണോ അതോ കുരുടാന് അടിക്കണോ അതും അല്ലെങ്കില് ട്രെയിനിനു മുന്പില് ചാടണോ എന്ന് മനോയുക്തം പോലെ തീരുമാനിക്കുക. ശുഭം!

റെയില്‍‌വേ മന്ത്രിക്കൊരു പരാതി

ബഹുമാനപ്പെട്ട റയില്‌വേ വകുപ്പു മന്ത്രി ലാലുപ്രസാദ് യാദവ് മുന്പാകെ സമര്‌പ്പിക്കുന്ന അപേക്ഷ

സാര്,

താങ്കള് റയില്‌വേ വകുപ്പ് മന്ത്രിയായതിനു ശേഷം ഇന്‌ഡ്യന് റയില്‌വേ ലാഭത്തില് നിന്നും ലാഭത്തിലേക്ക് കുതിക്കുകയാണല്ലോ. താങ്കളുടെ മാനേജ്മെന്റ് വൈദഗ്ദ്യവും ആഗോളതലത്തില് അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതിലെല്ലാമുപരിയായി, താങ്കള് പുതിയതായി അവതരിപ്പിച്ച, അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന എല്ലാ ജനക്ഷേമ പദ്ധതികളും വളരെയേറെ പൊതുജനപ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ഒരു സാധാരണ റയില്‌വേ യാത്രക്കാരന് എന്ന നിലയ്ക്ക്, താങ്കള് നല്കുന്ന സേവനങ്ങളുടെ ഉപഭോക്താവായി ഞാനും ഈ മാറ്റങ്ങളെ സ്വാഗതം ചെയ്യുകയും ഇതിനു നേതൃത്വം നല്കുന്ന താങ്കളെ അഭിനന്ദിക്കുകയും ചെയ്യുന്നു.

റയില്‌വേയുമായുള്ള ബന്ധത്തില് ഇക്കഴിഞ്ഞ ദിവസങ്ങളില് എനിക്കുണ്ടായ ചില അനുഭവങ്ങളാണ് ചുവടേ കുറിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം കേരളത്തില് നിന്നും ബാങ്കളൂര്‌ക്ക് എറണാകുളത്തുനിന്നും ഞാന് യാത്ര ചെയ്യുകയുണ്ടായി. സാധാരണ സ്ളീപ്പര് റ്റിക്കറ്റിലായിരുന്നു ഞാന് റിസര്‌വേഷന് ചെയ്തത്. എന്നാല് ട്രെയിനില് കയറാന് വരുന്പോള്, എന്റെ റ്റിക്കറ്റ് എസിയിലേയ്ക്ക് upgrade ചെയ്ത് ലഭിക്കുകയും ഞാന് ജീവിതത്തില് ആദ്യമായി എസി കം‌പാര്‌ട്ട്മെന്റില് യാത്ര ചെയ്യുകയും ചെയ്തു. ഇപ്രകാരമൊരു സൗകര്യം ഒരുക്കിയതിന്‌ താങ്കള്‌ക്ക് നന്ദി പറയുന്നു.

എന്നാല് ഇന്ന് ഉണ്ടായ ഒരു സംഭവം എന്റെ യുക്തിയില് ഉള്‌ക്കൊള്ളാന് സാധിക്കത്തതുകൊണ്ടാണ് ഈ അപേക്ഷ എഴുതുന്നത്. നാട്ടിലേയ്ക്ക് പോകാന് റ്റിക്കറ്റ് ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഈ പരാതിക്കടിസ്ഥാനമായ സംഭവങ്ങള് ഉണ്ടായത്. എന്റെ സുഹൃത്ത് വഴിയാണ് ഞാന് ബുക്ക് ചെയ്തത്. കോട്ടയം വരെ പോകേണ്ട എനിക്കും മറ്റ് നാലു പേര്‌ക്കും എറണാകുളം വരെ മാത്രം പോകുന്ന 0637 വണ്ടിയിലായിരുന്നു റ്റിക്ക‌റ്റ് ബുക്ക് ചെയ്യേണ്ടിയിരുന്നത്. ആയതിനാല് ഞാന് മേല്‌പ്പറഞ്ഞ വണ്ടിയില് ആലുവ വരെ റിസര്‌വേഷനും കോട്ടയം വരെ 2nd Sleeper യാത്രറ്റിക്കറ്റിനുമാണ് അപേക്ഷിച്ചത്. പലതവണ ഇപ്രകാരം ഞാന് യാത്ര ചെയ്തിട്ടുമുണ്ട്. എന്നാല് ഇത്തവണ ആ അപേക്ഷ നിരസിക്കപ്പെടുകയും ആലുവ വരെ മാത്രം ഉള്ള ഒരു യാത്രാ റ്റിക്കറ്റ് നല്‌കുകയും ചെയ്തു. റെയില്‌വേ ഈ റ്റിക്കറ്റിന്മേല് 100 രൂപ റിസര്‌വേഷന് ചാര്‌ജ്ജായും 100 രൂപ സൂപ്പര്‌ഫാസ്റ്റ് യാത്രയ്ക്കായും അധികമായി ചുമത്തുകയും ചെയ്തു.

പക്ഷേ ഞങ്ങള്‌ക്ക് യാത്ര ചെയ്യേണ്ടിയിരുന്നത് കോട്ടയംവരെയായതുകൊണ്ട് ഞാന് ഈ റ്റിക്കറ്റ് cancel ചെയ്ത് പുതിയൊരു റ്റിക്കറ്റ് എടുക്കുവാന് തീരുമാനിച്ചു. അങ്ങനെ ഞാന് ഇന്ന് വീണ്ടും ചെന്ന് ഇന്നലെ എടുത്ത റ്റിക്കറ്റ് cancel ചെയ്ത് പുതിയൊരു റ്റിക്കറ്റ് (കോട്ടയം വരെയുള്ളത്) യാതൊരു പ്രയാസവും കൂടാതെ എടുക്കുകയും ചെയ്തു. എന്നാല് cancel ചെയ്ത റ്റിക്കറ്റ് നോക്കിയപ്പോള്, റിസര്‌വേഷന് ചാര്‌ജ്ജ് കൂടാതെ സൂപ്പര്‌ഫാസ്റ്റ് ചാര്‌ജ്ജും മടക്കി നല്‌കിയില്ല എന്നെനിക്ക് മനസ്സിലാക്കാന് കഴിഞ്ഞു. അതായത് റ്റിക്കറ്റ് ക്യാന്‌സല് ചെയ്തപ്പോള് എനിക്കു 200 രൂപ നഷ്ടമായി.

സര്, സൂപ്പര്‌ഫാസ്റ്റ് ചാര്‌ജ്ജ് എന്നാല് സൂപ്പര്‌ഫാസ്റ്റ് ട്രെയിനില് യാത്ര ചെയ്യുന്നതിനു അധികമായി ചുമത്തുന്ന ചാര്‌ജ്ജല്ലേ. ആ റ്റിക്കറ്റില് യാത്രചെയ്യാതിരുന്നതിനാല് അങ്ങു നല്‌കുന്ന സൂപ്പര്‌ഫാസ്റ്റ് സൗകര്യം ഉപയോഗിക്കാഞ്ഞ സ്ഥിതിക്ക് ഞാന് ആ തുക റെയില്‌വേയ്ക്ക് നല്‌കണം എന്നു പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. അതുപോലെ തന്നെ ഒരു ഓഫീസര് യാതൊരു ബുദ്ധിമുട്ടും കൂടാതെ നല്‌കുന്ന സൗകര്യം മറ്റൊരാള് നിഷേധിക്കുന്നതിനു കാരണം എന്താണ്.

ആയിരക്കണക്കിനാള്‌ക്കാര് ദിനം പ്രതി സൂപ്പര്‌ഫാസ്റ്റ് ട്രെയിനില് റ്റിക്കറ്റ് ബുക്കു ചെയ്യുകയും അവരില് നിരവധി പേര് യാത്ര ക്യാന്‌സല് ചെയ്യുകയും ചെയ്യുന്ന നമ്മുടെ രാജ്യത്ത് സാമാന്യനീതിക്ക് യോജിക്കാത്ത ഈ നടപടി എത്രയും വേഗം നിര്‌ത്തലാക്കണമെന്ന് ഞാന് അങ്ങയോട് അപേക്ഷിക്കുന്നു. ഒരുപക്ഷേ നമ്മുടെ റയില്‌വേയുടെ ലാഭം അടുത്തവര്‌ഷം കുറഞ്ഞാലും പൊതുജന നന്മയെക്കരുതി ഇക്കാര്യത്തില് ഒരു തീര്‌പ്പ് ഉണ്ടാക്കുമെന്ന് ഞാന് വിശ്വസിക്കുന്നു.

അങ്ങയിലും അങ്ങയുടെ തീരുമാനങ്ങള് നടപ്പിലാക്കാനുള്ള ശേഷിയിലും വിശ്വസിച്ചുകൊണ്ട്,

വിധേയന്

മണര്‌കാടന്

[ഇതിവിടെ എഴുതിയത് കൊണ്ട് റയില്‌വേ മന്ത്രി ഇത് വായിക്കുകയില്ലെന്ന് എനിക്ക് നന്നായറിയാം. എന്നാല് ഈ കാര്യം മലയാളത്തിലെ പ്രിയ ബ്ളോഗര്‌മാരുടെ ശ്രദ്ധയില് പെടുത്തുന്നതിനാണ് ഇതെഴുതുന്നത്. ദയവായി പ്രതികരിക്കുമല്ലോ]

മലയാളം യൂനിക്കോഡ്

മലയാളം യൂനിക്കോഡിനെക്കുറിച്ചും ചില്ലിന്റെ എന്‌കോഡിങ്ങിനെക്കുറിച്ചും കൂടുതലായി അറിയണമെന്നുണ്ട്. കൂടുതല് വിവരങ്ങള് എവിടെയാണ് ലഭിക്കുക.

ബൂലോഗക്ളബ്ബില് ഇതിനെക്കുറിച്ചു നടന്ന ചര്‌ച്ച ഞാന് കണ്ടിരുന്നു. കുറേ നാള് മുന്പേ, യൂനിക്കോഡ് ക്ണ്‌സോര്‌ഷ്യം ചില്ല് എന്‌കോഡ് ചെയ്യുകയും പിന്നീട് ആ തീരുമാനം പിന്‌വലിക്കുകയും ഉണ്ടായല്ലോ. അതിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെയും, ഇപ്പോഴത്തെ അവസ്ഥയെയും കുറിച്ച് സംസാരിക്കുന്ന ബ്ളോഗുകള് ഏതൊക്കെയാണ്?

Saturday, May 26, 2007

ദക്ഷിണ

ദക്ഷിണ

അറിവിന്റെ ആദ്യാക്ഷരങ്ങള് പകര്‌ന്നു തന്ന ഗുരുനാഥന്മാരുടെ പുണ്യ പാദങ്ങളില്

തുച്ഛമായ വരുമാനം മാത്രം ഉള്ളപ്പോഴും സ്വന്തം സുഖത്തെക്കാളും ഞങ്ങളെയും ഞങ്ങളുടെ പഠനത്തെയും വലുതായിക്കണ്ട അച്ഛനമ്മമാരുടെ നിര്‌വ്യാജ സ്നേഹത്തിനു മുന്പില്

എല്ലാറ്റിനുമുപരിയായി സര്‌വശക്തനായ ആ പരമകാരുണികന്റെ, ജീവിതയാത്രയില് എപ്പോഴൊക്കെയോ ഉടഞ്ഞുപോകാമായിരുന്നിട്ടും നിത്യമായ സ്നേഹത്താല് ഇത്രത്തോളം നടത്തിയ ക്രിസ്തുവിന്റെ മുന്പില്

ഈ ചെറിയ സം‌രംഭം സമര്‌പ്പിക്കുന്നു.

അങ്ങിനെ ഞാനും എത്തി ഇവിടെ

സുഹൃത്തുക്കളേ,

ഒരു പരീക്ഷണം എന്ന നിലയ്ക്ക് ഞാനും ഇവിടെയൊന്നു പയറ്റി നോക്കുകയാണ്. എന്താണ് ഇവിടെയെഴുതുകയെന്നൊന്നും ഇപ്പോള് എനിക്ക് നിശ്ചയം ഇല്ല. എന്നിരുന്നാലും സമകാലിക സംഭവങ്ങളോടുള്ള എന്റെ പ്രതികരണമായിരിക്കും ഇതില് കൂടുതലും. എല്ലാവരും സഹകരിക്കുമല്ലോ.